നിന്റെയീ കാല്‍പാടുകള്‍ എനിക്കെങ്ങനെ പിന്തുടരുവാനാകും?
അവയ്ക്കുമേല്‍ മറവിയുടെ ഹിമപഥം ഇപ്പൊഴും തുടരുകയാണല്ലൊ!
വര്‍ഷങ്ങള്‍ കൊണ്ടു നീ അകലങ്ങള്‍ തേടുമ്പോള്‍
ഓര്‍മ്മകള്‍ കൊണ്ടു ഞാന്‍ ആശ്വാസം തേടൂന്നു.
വീണ്ടും നീയെന്നോര്‍മ്മയില്‍
പേക്കിനവു കൊണ്ടൊരു ചുവര്‍ ചിത്രം വരച്ചു
എന്നില്‍ കത്തിയമരുന്ന ജീവിത പൂന്തോപ്പിലേക്ക്
ഒരു കൊച്ചു പനിനീര്‍ ചെടി കൂടി
സൌഹൃദം കൊണ്ടു നീ സമ്മാനിച്ചു.
പണ്ടു നീ വരച്ച ചിത്രങ്ങള്‍
മറവിയുടെ ഉറുമാലുകൊണ്ടു
മനസ്സിന്റെ ചുവരില്‍ നിന്നു മായിക്കുകയായിരുന്നു ഞാന്‍!
പകലിന്റെ ചൂടിലും, കനത്ത രാവിലും
മാറാല പിടിച്ച കിനാവിന്റെ കൊട്ടാരത്തിലേക്കും,
എന്റെ കിനാവിന്റെ കൊട്ടാരത്തിലേക്ക്,
വെറുതേ നോക്കി കൊണ്ടിരിക്കുകയായിരുന്നല്ലൊ ഞാന്‍!
ആദ്യമായി നാം തമ്മില്‍ കണ്ടപ്പോള്
നീ ആയിരുന്നതു പൊലെ
ഒരിക്കലൂടേ നിന്നെ കാണുവാന്‍
എന്റെ ഹൃദയം വെമ്പുന്നുണ്ടായിരുന്നു!
കഴിഞ്ഞ വര്‍ഷങ്ങളത്രയും
മഞ്ഞില്‍ പതിഞ്ഞ നിന്റെ കല്‍പ്പാടുകളെ
പിന്തുടരുകയായിരുന്നു ഞാനെന്നതു നിനക്കറിയില്ലല്ലൊ!
ഇന്നു നീയൊരു നൊമ്പരമായി എന്നുള്ളില്‍പ്പിടയുമ്പോള്‍,
രണ്ട് തുള്ളി ചുടു കണ്ണീരിലും പിന്നൊരു നെടുവീര്‍പ്പിലും
ഞാനെന്നെ അടക്കി നിര്‍ത്തുകയാണ്
ദു:ഖത്തിന്റെ ഹിമപഥത്തില്‍ നിന്റെ പഴയ കാല്‍പ്പാടുകള്‍
ഇനിയും മാഞ്ഞുപോകാതിരിക്കുവാന്‍... !